Thursday, January 21, 2010

അലയുന്ന മേഘങ്ങള്‍ക്കായ്

പൊരുതുന്നതെന്തിനായ് ജന്മവും ജീവനും
പിറവിയും മരണവും ചിറകടിക്കെ,
ചികയുന്നു കാലമീ കെടുതിയില്‍ പിന്നെയും
ചിരികെട്ട നിശ്ശബ്ദ രാഗങ്ങളെ,
അടരില്ല കണ്ണുനീരൊരു തുള്ളി പോലുമെ-
ന്നലറുന്നു മിഴിയിലങ്ങൊരു നിഷാദന്‍
പലകുറി ചോദിച്ചു സൂര്യനും ഭൂമിയും
പിടയുന്നതെന്തിനീ പടനിലത്തില്‍.
ചിതറുന്ന ചിന്തകള്‍ ചുടുവെയില്‍പ്പാതയില്‍
പുതുവഴി തേടിത്തളര്‍ന്നീടവെ,
ഒടുവിലെ നോവും തളര്‍ന്നുവീഴുന്നൊരു
പുലരിയെത്തന്നീല പടയാളികള്‍.
അവനിയിലാദിത്യനലിയുമീ സന്ധ്യയി-
ലടരുന്നു മിഴിയിലെ മൌനങ്ങളും.
മഴ വീണ മണ്ണിന്റെ പുതുമണം സൂക്ഷിച്ചു
പഴകിയ ചെപ്പും തുരുമ്പെടുക്കെ,
അകലങ്ങളാത്മാവിലെഴുതിയ സ്വപ്നങ്ങ-
ളലയുന്നു പിന്നെയും മേഘങ്ങളായ്……

Labels:

2 Comments:

At February 3, 2010 at 6:40 PM , Blogger Jayanth.S said...

Excellent keep it up...

 
At February 21, 2010 at 3:27 PM , Blogger കൃഷ്ണഭദ്ര said...

കൊയ്മി ആഹ! കലക്കി.നടക്കട്ടെ...നിര്‍ത്തലില്ലാതെ

 

Post a Comment

Subscribe to Post Comments [Atom]

<< Home