Monday, June 20, 2011

അര്‍ദ്ധവിരാമം


ഇനിയുണ്ടൊരര്‍ദ്ധവിരാമമീ വാസന്ത-
മണിയുന്ന പൂവിനും പുലരികള്‍ക്കും,
ഇവിടെയീ ചെങ്കൊടിക്കും പാതിവിശ്രമം
ചിന്തുന്ന രക്തച്ചുവപ്പിനല്ല.

തുടികൊട്ടിയെത്തിയോ പൂരങ്ങളതിവേഗ-
മതു കണ്ടു വേനലും നൃത്തമാടി.
നിറനഗ്നമേനികള്‍ വിപിനാന്തരങ്ങളില്‍
നവലോകമാകെത്തിരഞ്ഞു നിന്നൂ.

പറയാന്‍ മറന്നിട്ട പദസഞ്ചയങ്ങള്‍ പോല്‍
മലര്‍വാകയാകെച്ചുവന്നിരിപ്പൂ
അതിഥിയാം കാറ്റിനെ കാത്തിരിപ്പാണെന്നു-
മവളാകെ നിര്‍വൃതി പൂണ്ടു നിന്നു.
ഒടുവിലാ തെന്നലും യാത്രയാകെ; തന്റെ
കവിതകള്‍ക്കര്‍ദ്ധവിരാമമാകെ;
പരതിനിന്നവളാ വിദൂരമാം രാത്രിയി-
ലൊടുവിലായ് കണ്ടൊരാ സ്മൃതിപഥത്തില്‍.

മഴ വന്നു മാനത്തൊരുത്സവാഘോഷമായ്
മണ്ണോ നനഞ്ഞൊട്ടി നാണിച്ചു പോയ്.
അകലെയെങ്ങോ മറഞ്ഞരുളും പിതൃക്കളി-
ന്നരികിലീ മഴയായി പെയ്യുമ്പോഴേ,
മൃതിയുമൊരര്‍ദ്ധവിരാമമി,ജ്ജന്മത്തി-
നതിരറ്റ മോഹമരീചികക്കും…..
ഇനിയുമുണ്ടര്‍ദ്ധവിരാമങ്ങളെങ്കിലി-
ന്നണിയുമീ കൈവിലങ്ങൂരി മാറ്റാം,
ഇനി നല്ലൊരര്‍ദ്ധവിരാമമേകാന്‍- എന്റെ-
യിടനെഞ്ചിലാടുമീ പ്രണയത്തിനും……..

Labels: