Wednesday, February 1, 2012

സമരം


                 
ഒരു പിടിച്ചോറുരുട്ടി വക്കുന്നു ഞാൻ
മറവി തൻ മഹാഗോപുരത്തിങ്കൽ നി-
ന്നോർമ്മയായ് വന്നെടുത്തുകൊൾകിന്നിതെൻ
പൂർവ്വരേ നിങ്ങളോ ബലിക്കാക്കകൾ

വഴിയിതിൽ വന്നടിഞ്ഞു പോയ് മുന്നിലീ
വഴിയിതെത്രയായ് ചിന്നിപ്പിരിഞ്ഞു പോയ്
 പഴമ തൻ നേർത്ത രേഖകൾ തേടി ഞാൻ
 ഉഴറി നിന്നുപോയ് കാട്ടീടുകെൻ വഴി

വഴിയിതിൽ വിശ്രമസ്ഥലമൊന്നുണ്ടു
തണലു തേടി ഞാനെത്തിയതങ്ങാണു
അരിയ തെന്നലും ചാമരം വീശവെ,
സുഖദ നിദ്രയും കാവലിരിക്കവെ,
മൃദുലമെത്തയിൽ ശീതളഛായയിൽ
ഗഗനചാരികൾ ഗീതങ്ങളായ് വന്നു
പോതിയവെ, മലർമുല്ലയും പിച്ചിയും
പ്രണയഗന്ധത്തി,ലൊന്നായ,ലിഞ്ഞുവോ…….

മൃദു മനോജ്ഞമാമോർമ്മകൾ പാടെയും
കദനഭാരമായ് ചായുന്നു തോൾകളിൽ
പടരുമീ ഭ്രാന്തു,മഗ്നിനാളങ്ങളായ്
ചുടല തീർക്കവെ ഒക്കെയും ചാമ്പലായ്

സമയമെന്തിനാ,യോടുന്നു പിന്നെയും
സമരമാണെന്റെ ഉൾക്കാമ്പി,ലിത്ര നാൾ
സുറുമയിട്ടൊരു കൺകളും ജ്വാലയായ്
സമരവീഥിയിൽ കത്തുന്ന താപമായ്

ചിതലരിക്കുന്ന ചിന്തകളാലൊരു
ചിതയൊരുക്കട്ടെ വരുവിൻ സഖാക്കളെ
ചമയമില്ലാത,രങ്ങിതിലെത്തണം
സമരവീഥിയിൽ കാത്തിരിക്കുന്നു ഞാൻ

വഴിയിതൊന്നു ഞാൻ തീർക്കുന്നു മുന്നിലായ്
പഴയതെല്ലാം വലിച്ചെറിഞ്ഞിങ്ങനെ
മരണമ,ല്ലമരത്വമാ,ണിന്നിന്റെ
ശരിയതെന്നേറ്റു പാടുവാൻ പോരുമോ….!!!!

Labels: