Wednesday, February 1, 2012

സമരം


                 
ഒരു പിടിച്ചോറുരുട്ടി വക്കുന്നു ഞാൻ
മറവി തൻ മഹാഗോപുരത്തിങ്കൽ നി-
ന്നോർമ്മയായ് വന്നെടുത്തുകൊൾകിന്നിതെൻ
പൂർവ്വരേ നിങ്ങളോ ബലിക്കാക്കകൾ

വഴിയിതിൽ വന്നടിഞ്ഞു പോയ് മുന്നിലീ
വഴിയിതെത്രയായ് ചിന്നിപ്പിരിഞ്ഞു പോയ്
 പഴമ തൻ നേർത്ത രേഖകൾ തേടി ഞാൻ
 ഉഴറി നിന്നുപോയ് കാട്ടീടുകെൻ വഴി

വഴിയിതിൽ വിശ്രമസ്ഥലമൊന്നുണ്ടു
തണലു തേടി ഞാനെത്തിയതങ്ങാണു
അരിയ തെന്നലും ചാമരം വീശവെ,
സുഖദ നിദ്രയും കാവലിരിക്കവെ,
മൃദുലമെത്തയിൽ ശീതളഛായയിൽ
ഗഗനചാരികൾ ഗീതങ്ങളായ് വന്നു
പോതിയവെ, മലർമുല്ലയും പിച്ചിയും
പ്രണയഗന്ധത്തി,ലൊന്നായ,ലിഞ്ഞുവോ…….

മൃദു മനോജ്ഞമാമോർമ്മകൾ പാടെയും
കദനഭാരമായ് ചായുന്നു തോൾകളിൽ
പടരുമീ ഭ്രാന്തു,മഗ്നിനാളങ്ങളായ്
ചുടല തീർക്കവെ ഒക്കെയും ചാമ്പലായ്

സമയമെന്തിനാ,യോടുന്നു പിന്നെയും
സമരമാണെന്റെ ഉൾക്കാമ്പി,ലിത്ര നാൾ
സുറുമയിട്ടൊരു കൺകളും ജ്വാലയായ്
സമരവീഥിയിൽ കത്തുന്ന താപമായ്

ചിതലരിക്കുന്ന ചിന്തകളാലൊരു
ചിതയൊരുക്കട്ടെ വരുവിൻ സഖാക്കളെ
ചമയമില്ലാത,രങ്ങിതിലെത്തണം
സമരവീഥിയിൽ കാത്തിരിക്കുന്നു ഞാൻ

വഴിയിതൊന്നു ഞാൻ തീർക്കുന്നു മുന്നിലായ്
പഴയതെല്ലാം വലിച്ചെറിഞ്ഞിങ്ങനെ
മരണമ,ല്ലമരത്വമാ,ണിന്നിന്റെ
ശരിയതെന്നേറ്റു പാടുവാൻ പോരുമോ….!!!!

Labels:

Saturday, March 27, 2010

ഒരു വേനല്‍ക്കുറിപ്പ്

പെയ്തിറങ്ങിപ്പോയ വാക്കുകള്‍ക്കപ്പുറം
പുത്തന്‍ പ്രപഞ്ചമുണ്ടാവാം
വീണെരിഞ്ഞീടുമീ വേനല്‍ക്കുറിപ്പുകള്‍
വീണ്ടും കുറിച്ചു പോയേക്കാം
ചുറ്റംബലങ്ങളില്‍ നീളെത്തിരക്കിട്ടു
ചുറ്റുന്ന സാന്ധ്യരാഗങ്ങളെ,
ചൊല്ലിപ്പഠിച്ചുവോ നിങ്ങളീ ഭൂമി തന്‍
ചില്ലക്ഷരങ്ങളോരോന്നും…..
ഇന്നലെ കാറ്റിന്റെ തോള്‍സഞ്ചിയില്‍ വച്ച
ചെംബകപ്പൂമണം പോലും,
ഇന്നിന്റെ മാറത്തു വീണലിയുന്നുവോ
വിണ്ണിന്റെ കണ്ണുനീറ് പോലെ

എത്രയോ കാതങ്ങളപ്പുറത്തുന്നൊരു
മിത്രമണഞുവോ ചാരെ,
ചക്രവാളങ്ങളെ തൊട്ടുവന്നെത്തിയ
മിത്രമിവള്‍ക്കു പേരോറ്മ്മ.
ചിത്രങ്ങളേറെയുണ്ടായിടാം നിന്റെയീ
ചിത്രവറ്ണ്ണക്കിളിക്കൂട്ടില്‍,
തട്ടിക്കുടഞ്ഞു തുടച്ചു മിനുക്കി-
യെടുത്തു വച്ചീടണമെല്ലാം,
ഒറ്റക്കിരുട്ടത്തിരുന്നു കണ്‍പാറ്ക്കുവാ-
നിച്ചെറു ഭാണ്ടത്തിനുള്ളില്‍.

എന്‍ മുറിപ്പാടിന്‍ കറുത്ത നിണത്തില്‍-
ക്കലറ്ത്തിടാമീ വറ്ണ്ണമേളം
അക്കടും ചായം തുളുംബുന്ന തൂലിക-
യ്ക്കൊന്നേ കുറിക്കുവാനാകൂ
അവ്യക്തമേതോ വിദൂരജന്മത്തില-
ന്നെന്നൊ വരച്ചിട്ട വാക്ക്……….

Labels: